ഭാര്യയെ നോക്കിയെന്നാരോപിച്ച് 62 കാരനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്പ്പിച്ചു. ഒതളൂര് സ്വദേശി കൊടക്കാട്ടുവളപ്പില് വീട്ടില് അബൂബക്കറിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. യുവതിയും ഭര്ത്താവും ഒരുമിച്ച് ബൈക്കില് പോകുന്നതിനിടെ മറ്റൊരു ബൈക്കില് വരികയായിരുന്ന അബൂബക്കര് യുവതിയെ നോക്കിയെന്ന് ആരോപിച്ചാണ് പ്രതി ആക്രമണം നടത്തിയത്. ഹെല്മറ്റ് ഉപയോഗിച്ച് തലക്കടിച്ചാണ് അബൂബക്കറിന് ഗുരുതരമായി പരിക്കേല്പ്പിച്ചത്. പരിക്കേറ്റ അബൂബക്കറിനെ കുന്നംകുളം അഷ്റഫ് കൂട്ടായ്മയുടെ ആംബുലന്സ് പ്രവര്ത്തകര് കുന്നംകുളം ദയ റോയല് ആശുപത്രിയില് പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ കുന്നംകുളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തി പ്രതിക്കെതിരെ കേസെടുക്കുമെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.



