ജനങ്ങള്‍ക്ക് ഇരുട്ടടി.കേരളത്തില്‍ വൈദ്യുതി നിരക്കും സര്‍ച്ചാര്‍ജും കൂടും. മുന്‍കാല നഷ്ടം സര്‍ച്ചാര്‍ജിലൂടെ ഈടാക്കും.വൈദ്യുതിബോര്‍ഡിന്റെ മുന്‍കാല നഷ്ടമായ 5000 കോടി രൂപ നാലുവര്‍ഷംകൊണ്ട് സര്‍ച്ചാര്‍ജിലൂടെ ഈടാക്കുന്നതിനുള്ള താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷന് വിജ്ഞാപനം ചെയ്തു.2027 ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ വൈദ്യുതിനിരക്കും സര്‍ച്ചാര്‍ജും നിലവില്‍വരും.പുതിയ നയമനുസരിച്ചായിരിക്കും 2027-28 മുതല്‍ 2031-32 വരെയുള്ള അഞ്ചുവര്‍ഷത്തെ വൈദ്യുതിനിരക്ക് കമ്മിഷന് നിശ്ചയിക്കുന്നത്. ഇതില്‍ നാലുവര്‍ഷവും സര്ച്ചാര്ജുണ്ടാകും. വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ബില്ലിന്റെ നിശ്ചിത നിരക്കായിരിക്കും സര്‍ച്ചാര്‍ജ്. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവില്‍ ഇന്ധനവിലവര്ധനകൊണ്ടുള്ള അധികബാധ്യത ഈടാക്കാന്‍ മാസംതോറും ഇന്ധന സര്‍ച്ചാര്‍ജ് ചുമത്താറുണ്ട്. ഇതുവരെ ദീര്‍ഘകാല വൈദ്യുതിക്കരാറുകളില് മാത്രമായിരുന്നു. ഇനി ഹ്രസ്വകാല, അടിയന്തര വാങ്ങലുകളിലെ അധികബാധ്യതയും കണക്കാക്കും. ഇത് കമ്മിഷന്റെ അംഗീകാരമില്ലാതെതന്നെ കമ്പനിക്ക് നേരിട്ട് ഈടാക്കാം. അധികബാധ്യത ഉടനെത്തന്നെ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്. എന്നാല്‍, ഇന്ധന സര്‍ച്ചാര്‍ജായി ശരാശരി വൈദ്യുതിവിലയുടെ നാലുശതമാനത്തില്‍ കൂടുതല്‍ നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാവും.വൈദ്യുതി കൂടുതല്‍ ആവശ്യമായിവരുന്ന പീക്ക് സമയത്തിന്റെ നിര്‍വചനവും ഇതോടൊപ്പം മാറ്റി. ഇതുവരെ വൈകീട്ട് ആറു മുതല്‍ 10 വരെയായിരുന്നു. ഇത് ആറു മുതല്‍ രാത്രി 11.30 വരെയാക്കി. പീക്ക് സമയത്ത് കൂടിയനിരക്ക് ഈടാക്കാന്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ടി.ഒ.ഡി. മീറ്റര്‍ സ്ഥാപിക്കണമെന്നും നയം നിര്‍ദേശിക്കുന്നു. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെയും രാത്രി 11.30 മുതല്‍ രാവിലെ എട്ടു വരെയും നിരക്ക് കുറയ്ക്കാനും താരിഫ് നയത്തില്‍ വ്യക്തമാക്കുന്നു.



