സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഒമ്പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആയിരിക്കും. അടുത്ത മൂന്ന് ദിവസങ്ങളിലും മഴ കനക്കുമെന്നാണ് പ്രവചനം. നാളെ 10 ജില്ലകളിലും ഞായറാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. താമരശ്ശേരി ചക്കിക്കാവ് വെള്ളച്ചാലില്‍ റോഡ് ഇടിഞ്ഞുതാണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി കുടുക്കില്‍ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കോഴിക്കോടും ഇടുക്കിയിലും ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



