കുന്നംകുളത്തിന്റെ ദേശീയോത്സവം എന്നറിയപ്പെടുന്ന അടുപ്പുട്ടി പള്ളി പെരുന്നാളിന് മിനി പെരുന്നാളോടെ തുടക്കമായി. പെരുന്നാള്‍ ആഘോഷങ്ങള്‍ ഇന്നും നാളെയുമായി നടക്കും. അടുപ്പുട്ടി മാര്‍ ഓസിയോ താപസിയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 7 ന് സന്ധ്യാനമസ്കാരം നടക്കും. തുടര്‍ന്ന് പള്ളിനട സെന്റ് ഗ്രിഗോറിയോസ് കുരിശുപള്ളിയിലേക്ക് കൊടിയും ശ്ലീബായും എഴുന്നള്ളിക്കും തുടര്‍ന്ന് ശ്ലൈഹിക വാഴ്വും ശേഷം ഫാന്‍സി വെടിക്കെട്ടും ഉണ്ടാകും. തുടര്‍ന്ന് വിവിധ ആഘോഷക്കമ്മിറ്റികളുടെ രാത്രി പെരുന്നാള്‍ ആരംഭിച്ച് അതത് പ്രാദേശിക അതിര്‍ത്തികളില്‍ എഴുന്നെള്ളിപ്പുകള്‍ നടത്തി പുലര്‍ച്ചെയോടെ സമാപിക്കും. പ്രധാന പെരുന്നാള്‍ ദിനമായ ബുധനാഴ്ച രാവിലെ 7.30 ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവയും നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 4 മണിയോടെ 45 ദേശക്കാരുടെ പെരുന്നാള്‍ എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സംഗമിക്കും. തുടര്‍ന്ന് നടക്കുന്ന പ്രസിദ്ധമായ കൂട്ടി എഴുന്നള്ളിപ്പില്‍ 35 ആനകള്‍ അണിനിരക്കും.



