30.6 C
Kunnamkulam
Tuesday, October 27, 2026
Home CCTV Desk കുളവാഴ വ്യാപനം നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായ പരിഹാരങ്ങള്‍ നടപ്പാക്കണം ;പ്രൊഫ.സി. രവീന്ദ്രനാഥ്

കുളവാഴ വ്യാപനം നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായ പരിഹാരങ്ങള്‍ നടപ്പാക്കണം ;പ്രൊഫ.സി. രവീന്ദ്രനാഥ്

24

കേരളത്തിലെ ജലാശയങ്ങളെയും കാര്‍ഷിക മേഖലയെയും, പ്രത്യേകിച്ച് തൃശ്ശൂര്‍ ജില്ലയിലെ കോള്‍ നിലങ്ങളെയും ഗുരുതരമായി ബാധിക്കുന്ന കുളവാഴ വ്യാപനം നിയന്ത്രിക്കുന്നതിന് ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരങ്ങള്‍ നടപ്പാക്കണമെന്ന് പ്രൊഫ.സി. രവീന്ദ്രനാഥ് എംഎല്‍എആവശ്യപ്പെട്ടു. നിയമസഭയില്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിലാണ് പ്രൊഫ.സി രവീന്ദ്രനാഥ് ഈ ആവശ്യം ഉന്നയിച്ചത്.
പ്രശ്‌നത്തിന്റെ ഗൗരവം പരിഗണിച്ച് വിദഗ്ധരുടെ സഹായത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് നല്‍കിയ മറുപടിയില്‍
വ്യക്തമാക്കി.നെല്‍കൃഷിക്ക് ജലലഭ്യത ഉറപ്പാക്കുന്നതിലും കൃഷിയിടങ്ങളിലേക്കും ജലസ്രോതസ്സുകളിലേക്കുമുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിലും കുളവാഴ വ്യാപനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കായലുകള്‍, തോടുകള്‍, കനാലുകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കുളവാഴ വ്യാപകമാകുന്നത് ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ജലസ്രോതസ്സുകളുടെ പരിപാലനച്ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കാര്‍ഷിക പ്രവര്‍ത്തനങ്ങളെയും ജലപരിപാലനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
കുളവാഴ നീക്കം ചെയ്യുന്നതിനുള്ള താല്‍ക്കാലിക നടപടികള്‍ക്കപ്പുറം, അതിന്റെ വ്യാപനത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. ജലാശയങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനൊപ്പം കൃഷിക്കും പരിസ്ഥിതിക്കും ദോഷകരമല്ലാത്ത നിയന്ത്രണ മാര്‍ഗങ്ങള്‍ കണ്ടെത്തണം.
കേരള കാര്‍ഷിക സര്‍വകലാശാല, ജലവിഭവ വികസന-വിനിയോഗ കേന്ദ്രം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ പങ്കാളിത്തത്തോടെ വിദഗ്ധ സമിതി രൂപീകരിച്ച് പ്രശ്‌നത്തിന് ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. കോള്‍ മേഖലയെ മാതൃകാ പ്രദേശമായി പരിഗണിച്ച് ശാസ്ത്രീയ നിയന്ത്രണ മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയും വിജയകരമായ മാതൃകകള്‍ മറ്റു ജലാശയങ്ങളിലേക്കും വ്യാപിപ്പിക്കുകയും വേണമെന്നും രവീന്ദ്രനാഥ് വ്യക്തമാക്കി.കോള്‍ നിലങ്ങളുടെയും ജലസ്രോതസ്സുകളുടെയും സംരക്ഷണം കാര്‍ഷിക ഉല്‍പ്പാദനക്ഷമത, കര്‍ഷകരുടെ ഉപജീവനം, പരിസ്ഥിതി സംരക്ഷണം, ജലലഭ്യത എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്. അതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുകയും ആവശ്യമായ സാങ്കേതിക-സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയും വേണം. കുളവാഴ വ്യാപനത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിലൂടെ കോള്‍ മേഖലയിലെ നെല്‍കൃഷി സംരക്ഷിക്കാനും ജലാശയങ്ങളുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താനും കഴിയുമെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.

ADVERTISEMENT
error: Content is protected !!