30.6 C
Kunnamkulam
Tuesday, October 27, 2026
Home Bureaus Kunnamkulam കഠിനാധ്വാനത്തിന് അംഗീകാരം; കേരള സ്‌കൂള്‍ കായികമേള വുഷുവില്‍ സില്‍വര്‍ മെഡല്‍ സ്വന്തമാക്കി അനന്യ

കഠിനാധ്വാനത്തിന് അംഗീകാരം; കേരള സ്‌കൂള്‍ കായികമേള വുഷുവില്‍ സില്‍വര്‍ മെഡല്‍ സ്വന്തമാക്കി അനന്യ

23

സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍ വിയര്‍പ്പൊഴുക്കിയ കഠിനാധ്വാനത്തിന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിളക്കമാര്‍ന്ന അംഗീകാരം.68-ാമത് കേരള സ്‌കൂള്‍ കായികമേളയിലെ വുഷു മത്സരത്തില്‍ സില്‍വര്‍ മെഡല്‍ സ്വന്തമാക്കി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അനന്യ.ചൈനീസ് മാര്‍ഷല്‍ ആര്‍ട്‌സിന്റെ ഭാഗമായ കൂങ് ഫൂ വിഭാഗത്തില്‍പ്പെടുന്ന സ്‌പോര്‍ട്ട്‌സ് ഇനമാണ് വുഷു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വുഷു ഉള്‍പ്പെടുത്തിയിട്ട് അഞ്ചു വര്‍ഷത്തോളമേ ആയിട്ടുള്ളൂവെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് ഈ രംഗത്ത് അത്ഭുതകരമായ നേട്ടമാണ് അനന്യ കൈവരിച്ചിരിക്കുന്നത്.ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് വെച്ചാണ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്നത്. ഇതിന്റെ ഭാഗമായി കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസ്.എസിലായിരുന്നു വുഷു മത്സരങ്ങള്‍ അരേങ്ങറിയത്. ചേര്‍പ്പില്‍ നടന്ന തൃശ്ശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച അനന്യ സ്വര്‍ണ്ണം നേടിയാണ് സ്റ്റേറ്റ് മത്സരത്തിലേക്ക് യോഗ്യത നേടി കോഴിക്കോട്ടെത്തിയത്. ഒക്ടോബര്‍ 26 ന് നടന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തിനൊടുവിലാണ് അനന്യ അഭിമാനകരമായ രണ്ടാം സ്ഥാനവും സില്‍വര്‍ മെഡലും സ്വന്തമാക്കിയത്. ഫൈനല്‍ മത്സരത്തില്‍ അതികഠിനമായ പോരാട്ടമാണ് നടന്നത്. മത്സരത്തിനിടയില്‍ പലതടസ്സങ്ങളും പരിക്കുകളും അനന്യയെ തേടിയെത്തി. എങ്കിലും എല്ലാ വേദനകളെയും കടിച്ചമര്‍ത്തി അനന്യ മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു.ഈ ഇനത്തില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സ്വര്‍ണ്ണ മെഡല്‍ ചെറിയ വ്യത്യാസത്തില്‍ നഷ്ടമായതിന്റെ ചെറിയ വിഷമം ഉണ്ടെങ്കിലും ആത്മവിശ്വാസം കൈവിടാന്‍ ഈ മിടുമിടുക്കി തയ്യാറല്ല. പരിക്കുകള്‍ തളര്‍ത്തിയെങ്കിലും അതൊരു പാഠമായി ഉള്‍ക്കൊണ്ട് അടുത്ത തവണ സ്വര്‍ണ്ണം തന്നെ ലക്ഷ്യമാക്കി ഇന്നുമുതല്‍ കടുത്ത പരിശീലനം ആരംഭിക്കുമെന്ന് അനന്യ ഉറപ്പിച്ചു പറയുന്നു.ചിറളയം ഐ.ഡി.കെ.വൈ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയിലാണ് അനന്യ പരിശീലനം നേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അധ്യാപകരായ വിപിന്‍, സരള, നെബീല്‍ എന്നിവരുടെ ശക്തമായ മാര്‍ഗനിര്‍ദ്ദേശത്തിന് കീഴിലാണ് പരിശീലനം തുടരുന്നത്. പഴഞ്ഞി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അനന്യ. കുന്നംകുളത്തു നിന്നും വുഷു കായിക ഇനത്തില്‍ പങ്കെടുത്ത് വലിയ വിജയം നേടുന്ന ആദ്യ വിദ്യാര്‍ത്ഥി കൂടിയാണ് അനന്യ.ചിറ്റഞ്ഞൂര്‍ പറയെരിക്കല്‍ വീട്ടില്‍ ഷാബു – സൗമ്യ ദമ്പതികളുടെ മകളാണ് അനന്യ. സഹോദരനും കായിക രംഗത്ത് അനന്യയുടെ പാതയാണ് പിന്തുടരുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ മാധവ് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ കായിക പ്രതിഭയാണ്.

 

ADVERTISEMENT
error: Content is protected !!