ലോകഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൈയൊപ്പ് പതിഞ്ഞ ജേഴ്സി ചാലിശ്ശേരി ജി.സി.സി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ അമൂല്യനിധിയായി സൂക്ഷിക്കുന്നു. 2021-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏഴാം നമ്പര്‍ ജേഴ്സിയില്‍ റൊണാള്‍ഡോ സ്വന്തം കൈപ്പടയില്‍ ഒപ്പിട്ടതാണ് ഈ ജേഴ്സി.ദുബായില്‍ വെച്ച് ക്ലബ്ബ് അംഗവും ചാലിശ്ശേരി സ്വദേശിയുമായ ഷഫീഖിനാണ് റൊണാള്‍ഡോയില്‍ നിന്ന് ജേഴ്സി നേരിട്ട് ലഭിച്ചത്. നാട്ടിലെത്തിയ ഷഫീഖ് ഏറെ വിലമതിപ്പോടെ സൂക്ഷിച്ചിരുന്ന ജേഴ്സി 2022 മാര്‍ച്ചിലാണ് നിരവധി ഫുട്ബോള്‍ താരങ്ങളെ വളര്‍ത്തിയെടുത്ത ജി.സി.സി ക്ലബ്ബിന് കൈമാറിയത്. തുടര്‍ന്ന് ജേഴ്സി ഫ്രെയിം ചെയ്ത് ക്ലബ്ബ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചു.റൊണാള്‍ഡോയുടെ കൈയൊപ്പ് നേരില്‍ കാണാനും അപൂര്‍വ നിമിഷം ചിത്രങ്ങളിലൂടെ പകര്‍ത്താനും നിരവധി ഫുട്ബോള്‍ ആരാധകരാണ് ക്ലബ്ബിലെത്തുന്നത്. ക്ലബ്ബിന്റെ അഭിമാനമായ ഈ ജേഴ്സി ചാലിശ്ശേരിയിലെ കായികപ്രേമികള്‍ക്ക് ഫുട്ബോള്‍ ആവേശത്തിന്റെ ഓര്മസമ്മാനം കൂടിയാണ്.കളിക്കളത്തിലെ വേഗവും ഗോളുകളും റെക്കോര്‍ഡുകളും ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍, റൊണാള്‍ഡോയുടെ കൈയൊപ്പ് പതിഞ്ഞ ഈ ജേഴ്സി ആ ഓര്‍മകള്‍ക്ക് ചാലിശ്ശേരിയില്‍ കാവലിരിക്കുകയാണ്. തലമുറകള്‍ക്ക് ഫുട്ബോള്‍ ആവേശം പകരുന്ന സി.ആര്.7ന്റെ സാന്നിധ്യം പതിഞ്ഞ ഈ ജേഴ്സി ഗ്രാമത്തിന്റെ കായികപ്രേമികളുടെ ഹൃദയത്തിലും ഇടംപിടിച്ചുകഴിഞ്ഞു.



