കുന്നംകുളം നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വിവിധ മത്സരങ്ങള്‍ അരങ്ങേറി. കല, കായികം, സാഹിത്യം എന്നീ വിഭാഗങ്ങളിലായി നിരവധി യുവപ്രതിഭകളാണ് വിവിധ വേദികളിലായി മാറ്റുരച്ചത്.രാവിലെ 8 മണിക്ക് കോമെറ്റ്‌സ് സര്‍ക്കിളില്‍ വെച്ചാണ് കേരളോത്സവത്തിലെ നീന്തല്‍ മത്സരങ്ങള്‍ ആരംഭിച്ചത്. അതേസമയം, തന്നെ നഗരസഭ മിനി ഹാളില്‍ രചന മത്സരങ്ങള്‍, മെഹന്തി മത്സരം, കളിമണ്‍ ശില്പ നിര്‍മ്മാണം എന്നിവയും ആരംഭിച്ചു. കുട്ടികളും യുവാക്കളും തങ്ങളുടെ സര്‍ഗ്ഗവാസന മിഴിവുറ്റതാക്കുന്ന കലാസൃഷ്ടികളുമായി മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തു.തുടര്‍ന്ന് ജവഹര്‍ സ്റ്റേഡിയത്തില്‍ നാടന്‍ കലാരൂപങ്ങളുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായ കളരി മത്സരങ്ങള്‍ അരങ്ങേറി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മിനി മോന്‍സി, ആര്‍ഷ ജിജു, കൗണ്‍സിലര്‍മാരായ രമ്യ രാജന്‍, ശ്രീജ പ്രജി, ദിവ്യ സുരേഷ്, രുദ്ര രജീഷ്, ഷാനോഫ്, ദിലീപ് പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



