കുന്നംകുളം നഗരസഭയിലെ 27-ാം വാര്‍ഡ് ആനയ്ക്കല്‍ ഇടക്കാട്ട് കുളത്തില്‍ വലയില്‍ കുടുങ്ങിയ എട്ടടിയോളം നീളമുള്ള മലമ്പാമ്പിനെ വനംവകുപ്പ് പിടികൂടി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കുളത്തിന് സമീപമുള്ള പമ്പ് ഹൗസിലെ കുടിവെള്ള വിതരണ ടാപ്പ് തുറക്കാനെത്തിയ പ്രാദേശികവാസിയായ സുരേന്ദ്രനാണ് പാമ്പിനെ ആദ്യം കണ്ടത്. പ്രദേശവാസികള്‍ ചേര്‍ന്ന് പാമ്പിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.ഏകദേശം എട്ടടിയോളം നീളവും 10 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ പ്രജി എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്നേക് റെസ്ക്യൂവര്‍ അഷ്റഫിനൊപ്പം സ്ഥലത്തെത്തി. വലയില്‍ മുറുകിയ നിലയിലായിരുന്ന പാമ്പിന് പരിക്കേല്‍ക്കാതെ വല വെട്ടിമാറ്റിയ ശേഷം ഫോറസ്റ്റ് സംഘം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്തെ വീടുകളില്‍ നിന്ന് കോഴികളെയും വളര്‍ത്തുമൃഗങ്ങളെയും കാണാതാകുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പാമ്പിനെ പിടികൂടിയതോടെ പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരമായി.



