ആഗോള സുറിയാനി സഭയുടെ പരമമേലധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കേരളത്തിലെത്തി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ 13-ന് നടക്കുന്ന മൂറോന്‍ കൂദാശയിലും മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളിലും പങ്കെടുക്കാനാണ് ബാവാ എത്തിയത്.
രാവിലെ എട്ടിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പരിശുദ്ധ ബാവായ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തില്‍ സഭാ ഭാരവാഹികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലേക്ക് യാത്രതിരിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.30ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ഥന നടക്കും. ആറു മുതല്‍ എട്ടുവരെ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂറോന്‍ കൂദാശയുടെ പ്രാരംഭ ശുശ്രൂഷകളും നടക്കും.
വെള്ളിയാഴ്ച രാവിലെ 7.45ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ, ശ്രേഷ്ഠ കാതോലിക്കാ ബാവാ, മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ പ്രദക്ഷിണമായി പാത്രിയര്‍ക്കാ സെന്ററില്‍നിന്ന് കത്തീഡ്രലിലെ മദ്ബഹയില്‍ പ്രവേശിക്കും. തുടര്‍ന്ന് മൂറോന്‍ കൂദാശയും വിശുദ്ധ കുര്‍ബാനയും നടക്കും. ഉച്ചയ്ക്ക് രണ്ടിന് പാത്രിയര്‍ക്കീസ് ബാവായുടെ അധ്യക്ഷതയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് യോഗം ചേരും.വൈകിട്ട് മൂന്നിന് മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.



