അരിയും,കരുതലുമായ് ഡി ഫോര്‍ കുമാരന്‍പടി. നൗഫല്‍ ചികിത്സാ സഹായത്തിന് നാടിന്റെ പിന്തുണ.നൗഫലിന്റെ ജീവന്‍ രക്ഷാ ദൗത്യത്തിനും തുടര്‍ചികിത്സയ്ക്കുമായി നാട് ഒന്നാകെ കൈകോര്‍ക്കുന്നു. നൗഫല്‍ ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തില്‍ അണ്ടത്തോട് മദ്രസയില്‍ നടന്ന വിവിധ ക്ലബ്ബുകളുടെയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത സംഘടനകളുടെയും യോഗം ബിരിയാണി ചലഞ്ചിന് പിന്തുണ പ്രഖ്യാപിച്ചു.ബിരിയാണി ചലഞ്ചിന്റെ ഭാഗമായി ഡി.ഫോര്‍ കുമാരന്‍പടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ 17 ചാക്ക് അരിയുടെ തുക ചികിത്സാ സഹായ സമിതിക്ക് കൈമാറി. ഡി.ഫോര്‍ ഭാരവാഹികള്‍ തുക സമിതി ചെയര്‍മാന്‍ വി.കെ. മുഹമ്മദ്, കണ്‍വീനര്‍ അബ്ദുസമദ് വി., വൈസ് ചെയര്‍മാന്‍ സക്കറിയ പൂക്കാട്ട്, ജോയിന്റ് കണ്‍വീനര്‍ ലത്തീഫ് കോലയില്‍ തുടങ്ങിയവര്‍ക്ക് കൈമാറി. ചികിത്സാ സഹായത്തിനൊപ്പം നൗഫലിന്റെ കുടുംബത്തിന് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ വീതം നല്‍കുമെന്നും ഡി ഫോര്‍ കമ്മിറ്റി പ്രഖ്യാപിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തിന് താങ്ങാകുന്ന പ്രഖ്യാപനത്തെ യോഗത്തില്‍ പങ്കെടുത്തവര്‍ ഹര്‍ഷാരവങ്ങളോടെ സ്വാഗതം ചെയ്തു.വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. നാടിന്റെ കൂട്ടായ പിന്തുണയോടെ നൗഫലിന്റെ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്ന അണ്ടത്തോട് സ്വദേശി നൗഫലിനെ ജീവിതത്തിലേക്ക് തിരിച്ച്‌കൊണ്ടുവരാനുള്ള മാതൃകാപരമായ പ്രവര്‍ത്തനത്തിലാണ് നാട്.



