ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന് ഭക്തിയുടെയും സംഗീതത്തിന്റെയും മാധുര്യം പകരാന്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം നാളെ. നൂറോളം കലാകാരന്മാര്‍ ഒരേ താളത്തില്‍, ഒരേ മനസ്സോടെ ത്യാഗരാജ ഭാഗവതരുടെ പഞ്ചരത്‌ന കീര്‍ത്തനങ്ങള്‍ ആലപിക്കുമ്പോള്‍ മേല്‍പുത്തൂര്‍ ഓഡിറ്റോറിയം ഭക്തിസാന്ദ്രമായ സംഗീതവേദിയായി മാറും. രാവിലെ 9 മുതല്‍ 10 വരെയാണ് പഞ്ചരത്‌ന കീര്‍ത്തനാലാപനം. ദശമി നാളില്‍ അരങ്ങേറുന്ന ഈ സംഗീതാര്‍ച്ചന ആസ്വദിക്കാനും അതിന് സാക്ഷിയാകാനും ആയിരക്കണക്കിന് സംഗീതാസ്വാദകരും ഭക്തരുമാണ് എത്തുക. ത്യാഗരാജ ഭാഗവതരുടെ അഞ്ച് വിശിഷ്ട കീര്‍ത്തനങ്ങളാണ് പഞ്ചരത്‌ന കീര്‍ത്തനങ്ങള്‍ എന്നറിയപ്പെടുന്നത്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ‘അഭിനവ ത്യാഗബ്രഹ്‌മം’ എന്ന ബഹുമതി ലഭിച്ചതിന്റെ സ്മരണയ്ക്കായാണ് ചെമ്പൈ സംഗീതോത്സവത്തില്‍ പഞ്ചരത്‌ന കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന പതിവ് ആരംഭിച്ചത്.സംഗീതത്തിന്റെ ഭക്തിനിര്‍ഭരമായ ഈ പുണ്യമുഹൂര്‍ത്തത്തിനു പിന്നാലെ ഏകാദശി ദിവസമായ ശനിയാഴ്ച അര്‍ധരാത്രിയോടെ സംഗീതോത്സവത്തിന് തിരശ്ശീല വീഴും. ഇരയിമ്മന്‍ തമ്പിയുടെ അനശ്വര കീര്‍ത്തനമായ ‘കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ’ എന്ന കൃതിയുടെ ആലാപനത്തോടെയാണ് സമാപനം. 15 ദിവസങ്ങളിലായി തുടക്കക്കാരും പ്രഗല്‍ഭരും അടക്കം 3000 ത്തോളം പേരാണ് സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നത്.



