25.2 C
Kunnamkulam
Friday, November 27, 2026
Home Bureaus Perumpilavu ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ വിളക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം

ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ വിളക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം

0

ശരണമന്ത്രങ്ങളുടെ ഭക്തിസാന്ദ്രതയും വിശ്വാസത്തിന്റെ നിറദീപങ്ങളും സംഗമിക്കുന്ന ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ മുപ്പതാം വര്‍ഷത്തെ മുഴുവന്‍ വിളക്ക് ആഘോഷങ്ങള്‍ക്ക് തുടക്കമായി.വ്യാഴാഴ്ച ചെണ്ടമേളത്തിന് ശേഷം നാലുനില ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വിളക്ക് കമ്മിറ്റി ട്രഷറര്‍ പി.സി. ചന്ദ്രന്‍ നിര്‍വ്വഹിച്ചു. വൈകിട്ട് ഏഴിന് ചൈതന്യ പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നീരാഞ്ജനം ഭജന്‍സില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.വെള്ളിയാഴ്ച വൈകിട്ട് 6.30-ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം വനിതകള്‍ അണിനിരക്കുന്ന സഹസ്രനാമാര്‍ച്ചന നടക്കും.ശനിയാഴ്ച രാവിലെ ഒന്‍പതിന് വിളക്കു പന്തലില്‍ സ്വാമി പ്രതിഷ്ഠ നടക്കും. 10.30 മുതല്‍ ആറായിരത്തോളം ഭക്തര്‍ക്ക് പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. കുട്ടഞ്ചേരി അയ്യപ്പ സേവാസംഘം സതീശന്‍ ആന്‍ഡ് പാര്‍ട്ടിയാണ് ഈ വര്‍ഷത്തെ വിളക്ക് പാര്‍ട്ടി. ഉച്ചകഴിഞ്ഞ് 3.30-ന് പടപ്പുറപ്പാടും, വൈകിട്ട് അഞ്ചിന് ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പിന്‍വശത്തുള്ള കുവ്വേശ്വര ശിവക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ്, താലം എഴുന്നള്ളിപ്പും ആരംഭിക്കും. മൂന്ന് ആനകളുടെ അകമ്പടിയോടെയും പെരിങ്ങോട് ഹൈസ്‌കൂള്‍ ടീം ചന്ദ്രന്‍ ആന്‍ഡ് പാര്‍ട്ടിയുടെ പഞ്ചവാദ്യത്തോടെയും നടക്കുന്ന എഴുന്നള്ളിപ്പില്‍ ആയിരത്തിലേറെ വനിതകള്‍ താലമേന്തി അണിനിരക്കും.രാത്രി ഏഴിന് കാര്‍ത്തിക ഭജന്‍സിന്റെ ഭക്തിഗാനസുധ അരങ്ങേറും. തുടര്‍ന്ന് രാത്രി 11-ന് പന്തല്‍പ്പാട്ട്, തിരി ഉഴിച്ചില്‍, പാല്‍ക്കിണ്ടിയെഴുനള്ളിപ്പ്, വെട്ടും തടയും, കനലാട്ടം, ഗുരുതി സമര്‍പ്പണം തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളോടെ മുപ്പതാം വര്‍ഷത്തെ മുഴുവന്‍ വിളക്ക് ആഘോഷങ്ങള്‍ക്ക് സമാപനമാകും.വിളക്ക് കമ്മിറ്റി പ്രസിഡന്റ് പി. കുട്ടന്‍, സെക്രട്ടറി കെ.കെ. ഭാസ്‌കരന്‍, ട്രഷറര്‍ പി.സി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളും ഭക്തരും നേതൃത്വം നല്‍കും .

 

 

ADVERTISEMENT
error: Content is protected !!