ഇന്ത്യാചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ദിനമാണ് ഒക്ടോബര്‍ 2. നമ്മുടെ രാഷ്ടപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനം. 1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ പോര്‍ബന്ദറില്‍ ആയിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഒരു അഭിഭാഷകനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യന്‍ ജനതയെ മുന്നില്‍ നിന്നു നയിച്ചു. അഹിംസയും സത്യവുമായിരുന്നു അദ്ദേഹത്തിന്റെ വഴി. സഹനസമരങ്ങളിലൂടെ നേടിയെടുത്ത ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ ലോക രാഷ്ട്രങ്ങള്‍പോലും അത്ഭുതത്തോടെയാണ് കാണുന്നത്.ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മുന്നണി പോരാളിയായിരുന്ന അദ്ദേഹം. ലോകത്തിന് മുന്നില്‍ അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പുതിയ പാത തുറന്നുകൊടുത്തു .അതുകൊണ്ട് തന്നെ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായും ആചരിക്കപ്പെടുന്നു. പ്രവര്‍ത്തികളിലൂടെ ജനങ്ങള്‍ക്ക് അദ്ദേഹം മഹാത്മ ഗാന്ധിയായി, കുട്ടികളുടെ പ്രിയപ്പെട്ട ബാപ്പുജിയായി.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തില്‍ ഗാന്ധി നല്കിയ സംഭാവനകള്‍ ഇന്നും ഓരോ ഇന്ത്യന്‍ പൗരനും സ്മരിക്കുന്നു. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് ഈ ലോകത്തോട് വിളിച്ചുപറഞ്ഞ മഹാത്മ ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് പുത്തന്‍വഴി വെട്ടിത്തുറക്കുകയായിരുന്നു.അഹിംസയെ തന്റെ സമരായുധമാക്കിയായിരുന്നു ഗാന്ധിയുടെ യുദ്ധം. ദണ്ഡി യാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, നിസഹകരണ പ്രസ്ഥാനം തുടങ്ങിയവയുടെ അമരത്ത് ഗാന്ധി ഉണ്ടായിരുന്നു. ഗാന്ധിയുടെ സമര മാര്‍ഗങ്ങള്‍ എല്ലാം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലെ സംഭാവനകളായിരുന്നു.