തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു.

കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവകയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഏവുപ്രാസ്യമ്മയുടെയും സംയുക്ത തിരുനാളിന്റെ നടത്തിപ്പിനായുള്ള തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു. ഞായറാഴ്ച്ച രാവിലെ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരിയും, തിരുനാള്‍ കമ്മിറ്റി ചെയര്‍മാനുമായ ഫാ. ഡെയ്‌സണ്‍ മുണ്ടോപുറം ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനുവരി 11, 12, 13 തീയതികളിലായാണ് സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നത്. ജനുവരി 3 ന് തിരുന്നാളിന്റെ കൊടികയറ്റത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 10 -ാം തിയ്യതി നവനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം തിരുനാള്‍ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും, 11 -ാം തിയ്യതി രാവിലെ വിശുദ്ധ കുര്‍ബാനക്കും തിരുകര്‍മ്മങ്ങള്‍ക്കും ശേഷം, കൂടുതുറക്കല്‍ ശുശ്രൂഷയും, തുടര്‍ന്ന് കുടുംബ കൂട്ടായ്മകളിലേക്കുള്ള അമ്പ് , തിരുശേഷിപ്പ് കിരീടം എന്നിവയുടെ വിതരണവും, വൈകീട്ട് കുടുംബ കൂട്ടായ്മകളില്‍ നിന്നുള്ള ആഘോഷങ്ങളുടെ സമാപനവും, സംയുക്ത മേളവും വര്‍ണ്ണ മഴയും ഉണ്ടാകും. 12 -ാം തിയ്യതി രാവിലെ ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയും സന്ദേശവും, വൈകിട്ട് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണവും , വര്‍ണ്ണ മഴയും, 13 -ാം തിയ്യതി രാവിലെ ഇടവകയില്‍ നിന്നും മരിച്ചു പോയവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും ,വൈകീട്ട് ഏഴുമണിക്ക് തൃശ്ശൂര്‍ കലാസദന്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. തിരുന്നാളിനോട് അനുബന്ധിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, തെരഞ്ഞെടുത്ത ആതുരാലയങ്ങളില്‍ 3 ദിവസം കാരുണ്യ ഊട്ടും, ആതുരാലയങ്ങളിലേക്ക്  സാധനങ്ങള്‍ ശേഖരിച്ച് ,കാരുണ്യ സമര്‍പ്പണവും നടത്തും.