കഴിഞ്ഞ ദിവസം ടാറിങ് നടത്തി മണിക്കൂറുകള്‍ക്കകമാണ് ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ സമീപത്തെ വീട്ടിലേക്ക് വെള്ളം കയറിയിരുന്നു. റോഡില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തതിന് ശേഷം മാത്രമേ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്താന്‍ കഴിയുകയുള്ളൂ. അക്കിക്കാവ് മുതല്‍ കുന്നംകുളം വരെ പുതുതായി സ്ഥാപിക്കുന്ന പൈപ്പ് ലൈനിന്റെ പണി വൈകുന്നത് റോഡ് നവീകരണത്തിന് തടസ്സമാകുകയാണ്. കാലപഴക്കം ചെന്ന പൈപ്പുകള്‍ പൊട്ടുന്നത് പതിവായതോടെ ഇവ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. സംസ്ഥാന പാതയില്‍ നവീകരണം തുടങ്ങിയതോടെയാണ് പൈപ്പ് മാറ്റുന്ന പണി ആരംഭിച്ചത്. 3 മാസം മുന്‍പ് ആരംഭിച്ച പൈപ്പിടല്‍ ഇനിയും പൂര്‍ത്തിയായില്ല. ഇതോടെ പഴയ പൈപ്പിലൂടെയാണ് ശുദ്ധജലം വിതരണം നടത്തുന്നത്. ഈ പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നത് റോഡ് നവീകരണത്തിന് തടസ്സമാകുകയാണ്. പുതിയ പൈപ്പിടുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഇതിലൂടെ വെള്ളം വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.