ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

കുന്നംകുളം പാറേമ്പാടത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഞായറാഴ്ച്ച രാവിലെ 10:30 ഓടെ പാറേമ്പാടം പാര്‍ക്ക് ഹോട്ടലിന് സമീപമായിരുന്നു അപകടം. കുന്നംകുളത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. ബസിന്റെ മുന്‍വശത്തുനിന്നും പെട്ടെന്ന് പുക ഉയരുകയും പിന്നാലെ തീ പടരുകയുമായിരുന്നു. പുക ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. യാത്രക്കാരെയെല്ലാം കൃത്യസമയത്ത് പുറത്തിറക്കിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കുകളില്ല. വിവരമറിഞ്ഞ ഉടന്‍ കുന്നംകുളത്തുനിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് റോഡില്‍ അല്പസമയം ഗതാഗത തടസ്സമുണ്ടായി.

ADVERTISEMENT