അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിലും പിക്കപ്പ് വാനിലും ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ ഇടതുകൈയിലെ മോതിരവിരല്‍ അറ്റുപോയി. പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ കാറിലുണ്ടായിരുന്ന പട്ടാമ്പി, ഓങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ ചെറുതുരുത്തി-പൊന്നാനി സംസ്ഥാനപാതയില്‍ തിരുമിറ്റക്കോടായിരുന്നു അപകടം. ആറങ്ങോട്ടുകര ഭാഗത്തുനിന്ന് പട്ടാമ്പി ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മുന്നില്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ റോഡരികിലെ കാനയിലേക്ക് ചെരിഞ്ഞുനിന്നു.ദേശമംഗലം ഗ്രാമപഞ്ചായത്തിലെ തലശ്ശേരി കുറുഞ്ചാമയില്‍ വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ സ്വാലിഹ് (21) ആണ് പരിക്കേറ്റ ബൈക്ക് യാത്രികന്‍. വയറിങ് തൊഴിലാളിയായ സ്വാലിഹ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നാട്ടുകാര്‍ ഉടന്‍ പട്ടാമ്പി ആശുപത്രിയിലെത്തിച്ചു. ഇതിനിടെ കാറിന്റെ ബോണറ്റില്‍നിന്ന് അറ്റുപോയ വിരല്‍ കണ്ടെത്തിയ നാട്ടുകാര്‍ അതും ആശുപത്രിയിലെത്തിച്ചു.പട്ടാമ്പി ആശുപത്രിയില്‍ ശസ്ത്രക്രിയാ സൗകര്യമില്ലാത്തതിനാല്‍ സ്വാലിഹിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടതുകൈയിലെ പരിക്കിന് പുറമെ നെഞ്ചിനും താടിയെല്ലിനും പരിക്കേറ്റിട്ടുണ്ട്.ഒറ്റപ്പാലത്തുനിന്ന് കേച്ചേരി ചിറമനേങ്ങാട്ടേക്ക് ഫര്‍ണിച്ചറുകളുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇയാളെ പട്ടാമ്പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിവരമറിഞ്ഞ് ചാലിശ്ശേരി എസ്.ഐ. ഉണ്ണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. യുവാക്കളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ചാലിശ്ശേരി പൊലീസ് കേസെടുത്തു.പ്രദേശത്ത് അടുത്തിടെയായി തുടര്‍ച്ചയായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് നാട്ടുകാരില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.



