കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണയക നീക്കങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവമാകുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വീശുന്നത്. എഐസിസി നിരീക്ഷകര്‍ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയില്‍, തിരഞ്ഞെടുക്കപ്പെട്ട 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരും വേണുഗോപാലിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് ജി വാര്യര്‍, സജീവ് ജോസഫ്, ടി ഒ മോഹന്‍, ഉഷാ വിജയന് തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടിയാണ് എംഎല്‍എമാരുടെ നിലപാട് നല്‍കുന്നത്. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണന് പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ജനപ്രിയ മുഖമായി ഉയര്‍ത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎല്‍എമാര്‍ പിന്തുണച്ചു. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു.
അടുത്ത മുഖ്യമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഐകകണ്ഠ്യേന മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കും. തുടര്‍ന്ന് രണ്ട് ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനിടെ യുഡിഎഫ് ഘടകകക്ഷികളും സമവായത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വി ഡി സതീശന് വേണ്ടി വാദിക്കുന്ന മുസ്ലിം ലീഗ്, ഹൈക്കമാന്‍ഡ് തീരുമാനം വന്ന ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന വിമര്‍ശനം ഇതിനകം തന്നെ ലീഗിനുള്ളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.



