കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ പുലിയന്നൂര്‍ ആദൂര്‍ മുട്ടിക്കല്‍ ചിറയുടെ സംരക്ഷണഭിത്തി തകര്‍ന്നു. പുഴയോട് ചേര്‍ന്ന തിണ്ടും ഇടിഞ്ഞിട്ടുണ്ട്. കനത്ത വെള്ളക്കെട്ടും ഒഴുക്കും കൂടുതലായിരുന്നതാണ് സംരക്ഷണഭിത്തി തകരാനിടയാക്കിയതെന്ന് കരുതുന്നു. നിത്യവും ചിറയുടെ ഭംഗി ആസ്വദിക്കാനും മീന്‍ പിടിക്കുന്നതിനും നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. ഇവര്‍ ഭിത്തിയുടെ സമീപത്തേക്കു പോകുന്നതും അനുവാദമില്ലാതെ ഇറങ്ങുന്നതും ആപത്തുകള്‍ ക്ഷണിച്ച് വരുത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ചിറയില്‍ ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്നുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.