മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 16 പുനര്‍ നിര്‍മ്മാണ പദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ സഹായം പ്രഖ്യാപിച്ചത്. കെട്ടിട നിർമ്മാണം, സ്കൂൾ നവീകരണം, റോഡ് നിർമ്മാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ എന്നിവക്ക് പണം ചിലവഴിക്കാം. ടൗൺഷിപ്പിനായും പണം വിനിയോഗിക്കാം. ഈ സാമ്പത്തിക വർഷം നിർമ്മാണം തുടങ്ങണമെന്നാണ് നിബന്ധന. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചിരിക്കുന്നത്. വായ്പയ്ക്ക് പലിശ നല്‍കേണ്ടതില്ല. വായ്പ തിരിച്ചടവിന് 50 വര്‍ഷത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങളും റോഡുകളും പാലവും സ്‌കൂളുകളും പുനര്‍ നിര്‍മ്മിക്കുന്നതിനാണ് കേന്ദ്രസഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
നേരത്തെ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജായിരുന്നു മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി ഇത് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.