ശക്തമായ മഴയെ തുടര്‍ന്ന് അക്കിക്കാവ് ആനക്കല്ല് റോഡ് സഞ്ചാരയോഗ്യമല്ലാതായി. ഇതോടെ പ്രദേശവാസികള്‍ ദുരിതത്തിലുമായി. പെരുമ്പിലാവ് – കടങ്ങോട് റോഡിനേയും, അക്കിക്കാവ് – കേച്ചേരി ബൈപ്പാസിനേയും ബന്ധിപ്പിക്കുന്ന ആനക്കല്ല് റോഡാണ് കനത്തമഴയില്‍ വെള്ളത്തിനടിയിലായത്. ഇതോടെ ഇതുവഴിയുള്ള കാല്‍നടയാത്ര പോലും സാധ്യമല്ലാതായി. കടവല്ലൂര്‍ പഞ്ചായത്ത് അതിര്‍ത്തി വരയുള്ള റോഡിന്റെ അറ്റക്കുറിപ്പണി നടത്തിയിട്ടുണ്ടെങ്കിലും കടങ്ങോട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലുള്ള ഭാഗത്താണ് കണ്ടും കുഴിയും വെള്ളക്കെട്ടും രൂക്ഷമായിട്ടുള്ളത്.
അഞ്ചു വര്‍ഷം മുമ്പ് ടാറിംഗ് നടത്തിയ റോഡില്‍ പിന്നീട് അറ്റകുറ്റപ്പണികളൊന്നും ചെയ്തിട്ടില്ല. ബൈപ്പാസ് റോഡില്‍ നിന്നും വരുന്ന വെള്ളവും ആനക്കല്ല് റോഡിലേക്കാണ് ഒഴുകി എത്തുന്നത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന, തിപ്പിലശ്ശേരി ഭാഗത്തേക്കുള്ള എളുപ്പ വഴി കൂടിയായ റോഡ് അധികൃതര്‍ ഇടപ്പെട്ട് മഴ കനക്കുന്നതിനു മുന്നേ അറ്റക്കുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.