ദേശീയപാത-66 അണ്ടത്തോട് സെന്ററില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

85

ഓട്ടോ യാത്രക്കാരനായ അണ്ടത്തോട് തങ്ങള്‍പടി സ്വദേശി കെ പി ആറ്റക്കോയ തങ്ങള്‍, ഓട്ടോ ഡ്രൈവര്‍ കണ്ണാത്ത് കെബീര്‍ എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് അപകടം . മന്നലംകുന്ന് ഭാഗത്ത് നിന്ന് പോവുകയായിരുന്ന പൊന്നാനി സ്വദേശി വി ഹരികുമാറിന്റെ ഉടമസ്ഥയിലുള്ള കാറും ഇതേ ദിശയില്‍ പോവുകയായിരുന്ന പാലപ്പെട്ടി സ്വദേശി കെബീറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുമാണ് ഇടിച്ചത്. അപകടത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും, സ്‌കൂട്ടറില്‍ ഇടിച്ചു. ഇതോടെ വെള്ളറ ഷാജന്റെ ഉടമസ്ഥതയിലുള്ള കാറിനും തേത്തയില്‍ കൃഷ്ണന്റെ സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. പരിക്കുപറ്റിയ തങ്ങളെയും, കബീറിനെയും മൂന്നയിനി വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അതേസമയം ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും മരണങ്ങള്‍ ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്യുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. അധികൃതരുടെ ഭാഗത്തുനിന്ന് സത്വര നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.