അരിമ്പൂര്‍ ഗവ.യു.പി. സ്‌കൂളിന്റെ ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടം മുന്‍ വിദ്യാഭ്യാസ മന്ത്രിയും മണലൂര്‍ എം.എല്‍.എയുമായ പ്രൊഫ.സി.രവീന്ദ്രനാഥ് നാടിന് സമര്‍പ്പിച്ചു. അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എല്‍. ജോണ്‍സന്‍ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ സജിത്ത് മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സലിജ സന്തോഷ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. സി. സതീഷ്, വികസന സ്ഥിരം സമിതി ചെയര്‍പേര്‍സണ്‍ കെ. ആര്‍. ബാബുരാജ്, തൃശൂര്‍ വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. ജെ. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നീതു ഷിജു, സുഭാഷ് അരിമ്പൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പ്രധാനാധ്യാപിക സി.ജി. ഷാലി കാതറിന്‍, പി.ടി.എ പ്രസിഡണ്ട് ടി. പി. ഷിജു, എം.പി.ടി.എ പ്രസിഡണ്ട് കൃഷ്ണമഗേഷ്, എസ്.എം.സി ചെയര്‍മാന്‍ നിഖില്‍ വി. എം., എന്നിവര്‍ സംസാരിച്ചു അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ഗവ. യു.പി. സ്‌കൂള്‍ അരിമ്പൂര്‍ 1912-ലാണ് സ്ഥാപിതമായത്. നിലവില്‍ 357 കുട്ടികളാണ് വിദ്യാലയത്തില്‍ പഠിക്കുന്നത്. ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം യാഥാര്‍ഥ്യമായത്. സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി ഒന്നര കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മള്‍ട്ടി പര്‍പ്പസ് ഹാള്‍, ക്ലാസ് മുറികള്‍ എന്നിവ ഉള്‍പ്പെടുന്ന 4,100 ചതുരശ്ര അടി വിസ്തൃതിയുള്ള ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം 18 മാസത്തിനുള്ളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞു. സെപ്തംബര്‍ ന് അധ്യാപക ദിനത്തില്‍ വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച പൂര്‍വ അധ്യാപകരെ ആദരിക്കുന്ന സമാദരം പരിപാടിയും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിദ്യാലയത്തിന്റെ പൂര്‍വ വിദ്യാര്‍ത്ഥിയും തിമില വിദഗ്ധനുമായ പരയ്ക്കാട് തങ്കപ്പന്‍ മാരാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ പഞ്ചവാദ്യം ഉദ്ഘാടനച്ചടങ്ങിന് ആവേശം പകര്‍ന്നു.കുട്ടികളില്‍ കൃഷിയോടുള്ള താല്‍പര്യം വളര്‍ത്തുന്നതിനായി സ്‌കൂളില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്ന ഹരിത മുറ്റം പദ്ധതിക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. ഉദ്ഘാടനത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



