അതിരപ്പിള്ളി ആന ദൗത്യം പൂര്‍ണം; കാട്ടുകൊമ്പനെ അനിമൽ ആംബുലന്‍സിലേക്ക് മാറ്റി

മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്നതിനുള്ള ദൗത്യത്തിന്‍റെ ആദ്യഘട്ടം പൂര്‍ണം. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം എഴുന്നേറ്റു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആന എഴുന്നേറ്റുനിന്നത്. തുടര്‍ന്ന് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലന്‍സിലേക്ക് കയറ്റിയശേഷം കോടനാട്ടിലേക്ക് കൊണ്ടുപോയി. കോടനാട്ടിലെത്തിച്ചശേഷമായിരിക്കും തുടര്‍ പരിശോധന.

നിലത്തുവീണ സമയത്ത് ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ആനയ്ക്ക് ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ നൽകി. മസ്തകത്തിലെ മുറിവിൽ ഡോക്ടര്‍മാര്‍ മരുന്നുവെച്ചു. അതേസമയം, അതിരപ്പള്ളിയിൽ നിന്ന് പിടിച്ച കൊമ്പനെ പാർപ്പിക്കാനുള്ള കൂട് എറണാകുളം കപ്രിക്കാട്ടെ വനം വകുപ്പ് കേന്ദ്രത്തിൽ ഒരുങ്ങിയിട്ടുണ്ട്. പുതിയ കൂടിന്‍റെ ബല പരിശോധനയും പൂർത്തിയായി. കോടനാട് എത്തിച്ച് ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന്  വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ രാവിലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേൽപ്പിക്കാനായി. തുടര്‍ന്നാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമൽ ആംബുലന്‍സിലേക്ക് മാറ്റിയത്. ആന എഴുന്നേറ്റ ഉടനെ പെട്ടെന്ന് തന്നെ അനിമൽ ആംബുലന്‍സിലേക്ക് കയറ്റാനുള്ള നിര്‍ണായക ദൗത്യം പൂര്‍ത്തിയാക്കാനായി.

ഈഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കൊമ്പനെ ചാരിയായിരുന്നു മയക്കുവെടിയേറ്റ ആന മുന്നോട്ടു പോയിരുന്നത്. വനംവകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ചതോടെ ഗണപതി മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ തട്ടിയിട്ട ശേഷം മുന്നോട്ടു ഓടിപ്പോയി. ഇതോടെയാണ് ആന നിലത്ത് വീണത്. ജെസിബി ഉപയോഗിച്ച് വഴി തുരന്ന ശേഷമാണ് ആനയെ അനിമൽ ആംബുലന്‍സിലേക്ക് മാറ്റിയത്. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ അനിമൽ ആംബുലന്‍സിൽ കയറ്റിയത്. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

 

ADVERTISEMENT