27.9 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

79

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. 16 പ്രതികളുള്ള കേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈനെയാണ് വെറുതെ വിട്ടത്. നേരത്തെ തന്നെ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് കോടതി ജാമ്യം അനുവദിച്ചിരുന്നതാണ്.

ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും ഇപ്പോൾ ശിക്ഷ റദ്ദാക്കുകയും തെളിവുകളില്ല എന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തത്. അതേസമയം, നേരത്തെ രണ്ട് പ്രതികളെ വെറുതെ വിട്ട നടപടി ഹൈക്കോടതി ശരിവച്ചു. മറ്റ് 13 പ്രതികൾ കുറ്റക്കാരെന്നും കോടതി കണ്ടെത്തി.

2018 ഫെബ്രുവരി 22നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയിൽ 34കാരനായ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. ഭക്ഷണസാധനങ്ങളായ അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു 16 പേർ അടങ്ങുന്ന സംഘം മധുവിനെ മർദിച്ച് കൊലപ്പെടുത്തിയത്. പൊലീസ് ഇടപെട്ട് ആശുപത്രിയിൽ എത്തിക്കുമ്പോഴായിരുന്നു മധു മരിച്ചത്. ഈ സംഭവം കേരളത്തിൽ വലിയ തോതിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും പൊതുജനം ഒന്നടങ്കം ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

ADVERTISEMENT
error: Content is protected !!