കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള സെന്റ് മേരിസ് ക്വാട്ടേഴ്‌സിലാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ, പാതികത്തിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന സണ്ണി എന്നയാളുടെ മുറിയിലാണ് മൃതദേഹം കണ്ടത്. മുറിയില്‍ നിന്നും പുക വരുന്നത് കണ്ട ആളുകള്‍ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്നു നോക്കിയപ്പോഴാണ് പാതികത്തിയ നിലയില്‍ കമിഴ്ന്നു കിടക്കുന്ന രീതിയില്‍ ഒരാളുടെ മൃതദേഹം കണ്ടത്. ഈ മുറിയിലെ താമസക്കാരനായ ചൊവ്വന്നൂര്‍ സ്വദേശിയായ സണ്ണി എന്നയാളെ രാവിലെ മുതല്‍ കാണാതായിട്ടുണ്ട്. സണ്ണി നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്. പരിചയമില്ലാത്ത പലരും ഇയാളുടെ മുറിയില്‍ വരാറുള്ളതായി പറയുന്നു. വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.. കുന്നംകുളം എസ്.എച്ച്.ഒ ജയപ്രദീപിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.