തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിലെത്തുന്ന സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കുന്നു.

തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിലെത്തുന്ന സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കുന്നു. സ്വകാര്യ ബസുകള്‍ക്ക് ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്‌കരണം പിന്‍വലിക്കണമെന്നും ശക്തന്‍ സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 28-ന് ശക്തന്‍ സ്റ്റാന്‍ഡില്‍ നടത്തിയ കൂട്ട ധര്‍ണയ്ക്ക് പിന്നാലെയാണ് പണിമുടക്ക്.
ശക്തന്‍ സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിനാല്‍ ഇവിടെ എത്തുന്ന ബസുകളും യാത്രക്കാരും ഒരുപോലെ ദുരിതത്തിലാണ്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, പാലക്കാട് തുടങ്ങിയ മേഖലകളിലേക്ക് ബസ് സര്‍വീസ് നടത്തുന്ന തൃശൂരിലെ പ്രധാന സ്റ്റാന്‍ഡാണ് തകര്‍ന്ന അവസ്ഥയില്‍ തുടരുന്നത്. ചെളി നിറഞ്ഞ, കുണ്ടും കുഴിയുമുളള വഴികളിലൂടെ നടന്നു വേണം യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിലെത്താന്‍. ചെളിക്കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരുക്കേറ്റ സംഭവങ്ങളുമുണ്ട്. പ്രതിദിനം എഴുന്നൂറോളം സര്‍വീസുകള്‍ നടക്കുന്ന സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ കണ്ടിട്ടും അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് പരാതി.