ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകും;സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സാധ്യത,നെടുങ്കണ്ടത്ത് ഉരുൾപൊട്ടിയതായി സംശയം

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയുണ്ടെന്നും അടുത്ത 24 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍ പൊട്ടിയതായി സംശയിക്കുന്നുണ്ട്. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കൂട്ടാര്‍,തേര്‍ഡ്ക്യാമ്പ്, സന്യാസിയോട്, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കയറി
റോഡുകളും കടകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവന്‍ ഉയര്‍ത്തി. നാല് ഷട്ടറുകളാണ് പൂര്‍ണമായും ഉയര്‍ത്തിയത്. 2018-ലെ പ്രളയകാലത്താണ് മുമ്പ് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും പൂര്‍ണമായും ഉയര്‍ത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് അതിശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12 മണി മുതല്‍ അതിശക്തമായ മഴയാണ് മേഖലയില്‍ പെയ്തുകൊണ്ടിരിക്കുന്നത്

ADVERTISEMENT