30 C
Kunnamkulam
Friday, September 25, 2026
Home Bureaus Chavakkad ചാവക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം; ഉദ്ഘാടനം ശനിയാഴ്ച

ചാവക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം; ഉദ്ഘാടനം ശനിയാഴ്ച

12

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭയുടെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തില്‍ ആരംഭിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എന്‍.കെ.അക്ബര്‍ എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സെപ്റ്റംബര്‍ 26ന് വൈകീട്ട് 4.30ന് ന്യൂനപക്ഷ ക്ഷേമ-വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എന്‍.ഷംസുദ്ധീന്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. എന്‍.കെ.അക്ബര്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനാകും. നഗരസഭയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ആരംഭിക്കുന്ന കേന്ദ്രത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലെ വിവിധ തസ്തികളിലേക്കുള്ള സൗജന്യ മത്സര പരീക്ഷാ പരിശീലനമാണ് നല്‍കുന്നത്. അറുപതിലേറെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് സഹായകമാകുന്ന തരത്തില്‍ ആധുനിക സജീകരണങ്ങളോടെയാണ് പരിശീലന കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ആറുമാസം വീതം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമായാണ് പരിശീലനം നല്‍കുന്നത്.ന്യൂനപക്ഷ ക്ഷേമവകുപ്പ് നേരിട്ട് അഭിമുഖം നടത്തി തിരഞ്ഞെടുത്ത വിദഗ്ധരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ആണ് പരിശീലനം.ന്യൂനപക്ഷ വിഭാഗങ്ങളില്‍ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മതവിഭാഗങ്ങളിലെ 18 വയസ് പൂര്‍ത്തിയായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരിശീലനത്തിന് അവസരം. ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യപ്രകാരം പ്രവര്‍ത്തി ദിവസങ്ങളിലും, അവധി ദിവസങ്ങളിലും പരിശീലനം നല്‍കും. ന്യൂനപക്ഷ ശാക്തീകരണം ലക്ഷ്യമാക്കി ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ പാലൊളി മുഹമ്മദ്കുട്ടി അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടിയായാണ് സംസ്ഥാനത്ത് ന്യൂനപക്ഷ യുവജനപരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ഗുരുവായൂര്‍ മണ്ഡലത്തില്‍ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് എന്‍.കെ.അക്ബര്‍ സബ്മിഷന്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട് അനുമതി ലഭിച്ചത്. നിലവില്‍ 24 ന്യൂനപക്ഷ യുവജനപരിശീലന കേന്ദ്രങ്ങളും 28 ഉപകേന്ദ്രങ്ങളും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.

 

ADVERTISEMENT
error: Content is protected !!