അക്കിക്കാവ് – എരുമപ്പെട്ടി റോഡില്‍ പുത്തംകുളത്തിനു സമീപത്തെ അപകട മേഖലയില്‍, വാഹന യാത്രികര്‍ക്കു ഭീഷണിയായി കാഴ്ച മറച്ചു നിന്നിരുന്ന പാഴ്‌ചെടികളും മരചില്ലകളും വെട്ടിമാറ്റിയും ദിശാസൂചക ബോര്‍ഡുകള്‍ കഴുകി വൃത്തിയാക്കിയും വിദ്യാര്‍ത്ഥികളുടെ മാതൃക. പെരുമ്പിലാവ് അന്‍സാര്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ 13 വയസുകാരന്‍ എം.കെ. ഷെഹരിയാറും 12 വയസുകാരന്‍ അമല്‍ നീരദുമാണ് സേവന മാതൃകയുമായി രംഗത്തെത്തിയത്.
മേഖലയില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് അധികാരികള്‍ ദിശാസൂചക ബോര്‍ഡും കോണ്‍വെക്‌സ് മിററും സ്ഥാപിച്ചിരുന്നു. ഇത് കാലപ്പഴക്കത്താല്‍ മങ്ങിയും മരച്ചില്ലകള്‍ കൊണ്ട് മറഞ്ഞ നിലയിലുമായിരുന്നു. ഇവ ഉപയോഗപ്രദമാക്കാന്‍ ഞായറാഴ്ച, വിദ്യാര്‍ഥികള്‍ സന്നദ്ധരാവുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വേറിട്ട സേവനത്തെ നാട്ടുകാര്‍ അഭിനന്ദിച്ചു. പുത്തംകുളത്തെ വിദ്യാര്‍ത്ഥി സംഘമായ മലര്‍വാടി കുട്ടിപ്പട്ടാളം ടീം അംഗങ്ങള്‍ കൂടിയാണ് ഇരുവരും.