ഗുരുവായൂരില്‍ വീട്ടുവരാന്തയില്‍ ആറടി നീളമുള്ള മൂര്‍ഖന്‍. പടിഞ്ഞാറെനട നരേങ്ങത്ത് പറമ്പില്‍ ചാരുപടിക്കല്‍ ബൈജുവിന്റെ വീട്ടിലാണ് മൂര്‍ഖന്‍ പാമ്പ് അതിഥിയായെത്തിയത്. വീട് പെയിന്റ് ചെയ്യുന്നതിന്റെ ഭാഗമായി പുറകിലെ വരാന്തയില്‍ പാത്രങ്ങളും മറ്റ് സാധനങ്ങളും കൂട്ടിയിട്ടിരുന്നു. ഇതിനിടയിലായിരുന്നു പാമ്പ് ഒളിച്ചിരുന്നത്. വരാന്തയില്‍ ഇരുന്ന ബക്കറ്റ് താഴെ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് സാധനങ്ങള്‍ക്കിടയില്‍ ഭീമന് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ സ്ഥലത്തെത്തി. ഏറെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ സുരക്ഷിതമായി പിടികൂടി. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.



