കുന്നംകുളം അഞ്ഞൂര്‍കുന്നത്ത് സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. ചിറ്റഞ്ഞൂര്‍ സ്വദേശി ആലത്തി വീട്ടില്‍ ബിനീഷി(35)നാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കര്‍ണാടകയില്‍ ജോലി ചെയ്യുന്ന ബിനീഷ് മാസത്തിലൊരിക്കലാണ് നാട്ടിലേക്ക് അവധിക്ക് വരാറുള്ളത്, ഈ സമയത്ത് അഞ്ഞൂര്‍ കുന്നത്തെ സുഹൃത്തുക്കളെ കാണാന്‍ പോയി തിരിച്ചു വരുന്ന സമയത്താണ് മൂന്നംഗസംഘം ബിനീഷിനെ തടഞ്ഞു നിര്‍ത്തി തലയ്ക്കുള്‍പ്പെടെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മുഖത്തും തലക്കും കൈക്കും ഉള്‍പ്പെടെ പരിക്കേറ്റ ബിനീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു, പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.