കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കടലാമ പരിപാലനത്തിന് തുക വകയിരുത്തിയതിനെ പുച്ഛിച്ചവര്‍ നാളെ അതിന്റെ ഗുണം അനുഭവിക്കുമ്പോള്‍ അഭിനന്ദിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി പറഞ്ഞു. എടക്കഴിയൂരില്‍ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം ജില്ലയിലെ ആദ്യത്തെ മത്സ്യ ഗ്രാമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിസര്‍ച് നടന്നത് ഗുജറാത്തില്‍ ആണെന്നും അതിന്റെ പരിണിത ഫലമായി അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റുമതി പത്തിരട്ടി വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മത്സ്യ ഗ്രാമം മേഖലയില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നും മത്സ്യ തൊഴിലാളികള്‍ക്ക് ഒട്ടേറെ ഗുണകരമായ പദ്ധതികള്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍കെ അക്ബര്‍ എംഎല്‍എ അധ്യക്ഷനായി. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ആശ അഗസ്റ്റിന്‍, മുന്‍ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍, പി എ ശാഹുല്‍ ഹമീദ്, ഉഷ രവി, എംകെ അറഫാത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യയില്‍ 100 ഗ്രാമങ്ങളെയാണ് മത്സ്യ ഗ്രാമത്തിനായി തിരഞ്ഞെടുത്തത്. കേരളത്തില്‍ 9 സ്ഥലങ്ങളില്‍ ആണ് മത്സ്യ ഗ്രാമം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചട്ടുള്ളത്. നെറ്റ് മെന്റിങ് യാര്‍ഡ്, ടോയിലറ്റ് ബ്ലോക്ക്, മത്സ്യ ബന്ധന മെഷീന്‍ റിപ്പയര്‍ കേന്ദ്രം, വനിതകള്‍ക്കുള്ള സീ ഫുഡ് കഫറ്റീരിയ ട്രക്ക് എന്നിവയുടെ ഉദ്ഘാടനവും നടന്നു. 6 കോടി 91 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്.
Home Bureaus Punnayurkulam എടക്കഴിയൂര്‍ ഇനി ജില്ലയിലെ ആദ്യ മത്സ്യഗ്രാമം; സുരേഷ് ഗോപി ഉദ്ഘാടനം നിര്‍വഹിച്ചു



