കുന്നംകുളം കൃഷി ഭവനില്‍ കര്‍ഷക ചന്ത ആരംഭിച്ചു

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 2000 കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം കൃഷി ഭവനില്‍ കര്‍ഷക ചന്ത ആരംഭിച്ചു. പൊതുവിപണിയെക്കാള്‍ വിലകുറച്ചും, കര്‍ഷകര്‍ക്ക് ലാഭം ഉണ്ടാക്കുന്ന തരത്തിലാണ് ഓണ ചന്തയില്‍ ഉപഭോക്താക്കള്‍ക്കായ് വിവിധ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്പനയ്ക്ക്
സജ്ജമാക്കിയിട്ടുള്ളത്. കര്‍ഷകരില്‍ ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പ്രദേശികമായി കര്‍ഷകര്‍ വിളയിപ്പിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കേരള അഗ്രോ ഉല്‍പ്പന്നങ്ങള്‍, വിവിധ കൃഷി കൂട്ടങ്ങളുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയും വിപണിയില്‍ ലഭ്യമാണ്. കുന്നംകുളം നഗരസഭ വൈസ് ചെയര്‍ പേര്‍സണ്‍ സൗമ്യ അനിലന്‍ പഴം – പച്ചക്കറി വിപണന മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. എം സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ റ്റി.സോമശേഖരന്‍, പി.കെ ഷബീര്‍,കൃഷി ഓഫീസര്‍ എസ് ജയന്‍, കൃഷി ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, സ്‌നേഹ വി ജോസ്, മഞ്ജു, ജിഷ, എന്നിവരും കര്‍ഷകര്‍ ആയ അമുല്‍രാജ്, പ്രിയ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT