പി വി അൻവറിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൂടിയാലോചന. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ലീഗ് നേതാക്കളുമായി ആശയ വിനിമയം നടത്തുകയാണ്. മുതിർന്ന നേതാക്കളുമായാണ് ആശയ വിനിമയം നടത്തുന്നത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, അൻവർ നിലമ്പൂരിൽ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കരുതെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. യുഡിഎഫ് പറയുന്ന കാര്യങ്ങളും അൻവർ പറയുന്നതും സമാനമാണെന്ന് പിഎംഎ സലാം റിപ്പോർട്ടറിനോട് പറഞ്ഞു. അൻവറിനെ യുഡിഎഫിൽ അസോസിയേറ്റ് കക്ഷിയാക്കാനാണ് തീരുമാനിച്ചിരുന്നതെന്നും പിഎംഎ സലാം വെളിപ്പെടുത്തി. ഇടതു സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവർ ഒരുമിക്കണമെന്നും വികസനവിരുദ്ധതയയെ തുറന്നു കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുമിച്ച് പോകേണ്ട സ്ഥലങ്ങളിൽ ഒരുമിച്ച് പോകണം. അൻവർ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ നിന്നുണ്ടായ അവഗണനകൾ എണ്ണിപ്പറഞ്ഞിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് നേതാവും നിലമ്പൂർ മുൻ എംഎൽഎയുമായ പി വി അൻവർ. വിഡി സതീശൻ ചെളി വാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടുവെന്ന് പി വി അൻവർ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ താൻ അധിക പ്രസംഗിയാണ്. കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ്. ഇനി താൻ കാല് പിടിക്കാനില്ല.
കത്രിക പൂട്ടിട്ട് പൂട്ടാൻ നോക്കുകയാണ്. പ്രതിപക്ഷ നേതാവിനെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. അക്കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരും. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും തനിക്ക് വേണ്ടി ഇടപെട്ടു. തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അവർ ഇരുവരുമാണ്. എന്നാൽ വി ഡി സതീശൻ അടക്കം മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും പി വി അൻവർ പറഞ്ഞു.
യുഡിഎഫിന് കത്ത് നൽകി നാല് മാസമായെന്നും പി വി അൻവർ പറഞ്ഞു. ഈ മാസം രണ്ടിന് യുഡിഎഫ് യോഗം ചേർന്നു. യുഡിഎഫ് കൺവീനർ എം എം ഹസൻ പത്രസമ്മളനം നടത്തി. കാര്യങ്ങൾ തീരുമാനിക്കാൻ വി ഡി സതീശനെ ചുമതലപ്പെടുത്തി. രണ്ട് ദിവസംകൊണ്ട് തീരുമാനം പ്രഖ്യാപിക്കം എന്നാണ് പറഞ്ഞത്. അതിന് ശേഷം വി ഡിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. ഈ മാസം 15ന് വി ഡിയുമായി ചർച്ച നടത്തി.
രണ്ട് ദിവസം കൊണ്ട് പ്രഖ്യാപനം നടത്തും എന്ന് വി ഡി ഉറപ്പ് പറഞ്ഞു. എന്നാൽ തുടർ നടപടിയുണ്ടായില്ലെന്നും പി വി അൻവർ പറഞ്ഞു. സർക്കാരിനെ താഴെയിറക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മുന്നണി ആക്കാമെന്ന് പറഞ്ഞപ്പോൾ അതും സമ്മതിച്ചു. എന്നാൽ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേയ്ക്ക് വിടുകയാണ് ചെയ്തതെന്ന് പി വി അൻവർ പറഞ്ഞു.