ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് നാളെ 49 വയസ് തികയും. ആനക്കഥകളിലെ നിത്യഹരിത നായകന് നാളെ ആനത്താവളത്തിലെ പിന് തലമുറക്കാര്‍ പ്രണാമം അര്‍പ്പിക്കും. ആനക്കഥകളില്‍ ഭക്തിയുടെ പരിവേഷമായി നിറഞ്ഞ് നിറഞ്ഞു നില്ക്കുന്ന ഗുരുവായൂര്‍ കേശവന് 1976 ഡിസംബര്‍ രണ്ടിന് ഏകാദശിയുടെ തലേന്നാണ് ചെരിഞ്ഞത്. കേശവന് ചെരിഞ്ഞ സ്ഥലത്ത് 1977ല്‍ ശില്പി എം. ആര്.ഡി. ദത്തന്റെ നേതൃത്വത്തില്‍ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചു. കേശവന്റെ ഓര്മ പുതുക്കാനായി ഏകാദശിയുടെ തലേന്ന് ദേവസ്വം എല്ലാ വര്‍ഷവും അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്. ഞായറാഴ്ച രാവിലെ ഏഴിന് തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് ഗജഘോഷയാത്ര ആരംഭിക്കും. കൊമ്പന് ബല്‍റാം ഗുരുവായൂരപ്പന്റെയും ഇന്ദ്രസെന്‍ കേശവന്റെയും രവികൃഷ്ണന്‍ മഹാലക്ഷ്മിയുടെയും ഛായാചിത്രങ്ങള്‍ വഹിച്ച് മുന്‍ നിരയില്‍ അണിനിരക്കുന്ന ഘോഷയാത്രയില്‍ 10 ആനകള്‍ പങ്കെടുക്കും. മേല്‍പ്പാലം വഴി ഗുരുവായുര്‍ ക്ഷേത്രസന്നിധിയിലെത്തി ക്ഷേത്രവും ക്ഷേത്രക്കുളവും പ്രദക്ഷിണം ചെയ്ത് ശ്രീവല്‍സം അതിഥി മന്ദിരത്തിന് മുന്നിലുള്ള കേശവ പ്രതിമയ്ക്കു മുന്നില്‍ അണിനിരക്കും. ഇന്ദ്രസെന്‍ കേശവപ്രതിമക്കരികിലെത്തി പുഷ്പചക്രം സമര്‍പ്പിക്കും. കേശവന്റെ ആരാധകര്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ആനത്താവള്ളത്തില് ആനയൂട്ടും ഉണ്ടാകും.



