കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്രസീറോ വേസ്റ്റ് ദിനത്തില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വീടുകളില്‍ നിന്ന് മികവ് തെളിയിച്ച അഞ്ച്
വീടുകളെ ഗൃഹശ്രീ പുരസ്‌കാരം നല്‍കി ആദരിക്കുന്നു. പഞ്ചായത്തംഗങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ് .ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, ടി.എസ്.ശരത്., ആരോഗ്യ ശുചിത്വ കമ്മിറ്റി കണ്‍വീനര്‍മാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഗൃഹശ്രീ പുരസ്‌ക്കാരത്തിന് തെരെഞ്ഞെടുത്ത വീടുകള്‍ പരിശോധിച്ചു. വാര്‍ഡ് മെമ്പര്‍, ആശ, ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ ശുചിത്വ കമ്മിറ്റി കണ്‍വീനര്‍, ആരോഗ്യ- ശുചിത്വ കമ്മിറ്റി അംഗം എന്നിവരടങ്ങുന്ന ജൂറിയാണ് വീടുകളെ തെരെഞ്ഞെടുത്തത്.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് ,ഹരിത കര്‍മ്മ സേനക്ക് അജൈവ മാലിന്യങ്ങള്‍ കൃത്യമായി കൈമാറ്റം ചെയ്യുന്നത്, ജൈവ മാലിന്യ സംസ്‌ക്കരണത്തിന് ശാസ്ത്രീയമായ സംവിധാനം ഉപയോഗിക്കുന്നത്, കുടിവെള്ള ശുചിത്വം സംരക്ഷണം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പഞ്ചായത്തില്‍ ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുആരോഗ്യ പരിപാടിയില്‍ പുരസ്‌കാരം നല്‍കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.ചിന്ത അറിയിച്ചു.