ഭക്തിയുടെ നിറവില്‍ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ മണ്ഡപത്തില്‍ ഭക്തിയുടെ നിറവില്‍ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി . ബുധനാഴ്ച്ച രാവിലെ ഏഴു മണിയോടെ ക്ഷേത്ര ശ്രീകോവിലിലില്‍ നിന്ന് പകര്‍ന്നെത്തിച്ച ദീപം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ചെമ്പൈസംഗീത മണ്ഡപത്തിലെ നിലവിളക്കില്‍ തെളിയിച്ചതോടെയാണ് പതിനഞ്ച് ദിവസം നീളുന്ന സംഗീതാര്‍ച്ചനയ്ക്ക് ആരംഭമായത്. ആദ്യം ക്ഷേത്രം അടിയന്തിര വിഭാഗത്തിലെ നാഗസ്വരം തവില്‍ കലാകാരന്‍മാര്‍ മംഗളവാദ്യം മുഴക്കി. ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗങ്ങളായ വൈക്കം വേണുഗോപാല്‍, തിരുവിഴ ശിവാനന്ദന്‍, ഗുരുവായൂര്‍ മണികണ്ഠന്‍, ആനയടി പ്രസാദ്, ചെമ്പൈ സുരേഷ് എന്നിവര്‍ വാതാപിം എന്നു തുടങ്ങുന്ന ഗണപതി സ്തുതി ആലപിച്ചു. നെടുമങ്ങാട് ശിവാനന്ദന്‍ വയലിനിലും എന്‍. ഹരി മൃദംഗത്തിലുമായി പക്കമേളമൊരുക്കി. തുടര്‍ന്ന് തൃശൂര്‍ സ്വദേശികളായ വി.സി. നിഥിന്‍, ഒ. പി. അനുപ് , ഒ.കെ. രതീഷ്, എം.കെ. സുനില്‍ എന്നിവരുടെ സംഘം കീര്‍ത്തനത്തോടെ സംഗീതാര്‍ച്ചന ആരംഭിച്ചു. പ്രഗല്‍ഭരും തുടക്കക്കാരും അടക്കം 3000 ത്തോളം പേര്‍ 15 ദിവസങ്ങളിലായി സംഗീതാര്‍ച്ചന നടത്തും. സംഗീതോത്സവത്തിലെ പ്രധാന ആകര്‍ഷകമായ പഞ്ചരത്‌ന കീര്‍ത്തനാലാപനം ദശമി ദിവസമായ ഡിസംബര്‍ പത്തിന് നടക്കും. ഏകാദശി ദിവസമായ 11ന് സംഗീതോത്സവത്തിന് തിരശ്ശീല വീഴും.

 

ADVERTISEMENT