ഗുരുവായൂര്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഗുരുവായൂര്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പത്തിന് ടൗണ്‍ഹാളിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മുതിര്‍ന്ന അംഗം എ.ടി. ഹംസക്ക് വരണാധികാരി എന്‍. വിജയകുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് എ.ടി. ഹംസ ചൊല്ലിക്കൊടുത്ത സത്യവാചകം മറ്റ് അംഗങ്ങള്‍ ഏറ്റ് ചൊല്ലി. സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ വലിയ ജനപങ്കാളിത്വമുണ്ടായിരുന്നു. ചുമതലയേറ്റ അംഗങ്ങള്‍ക്ക് ആരോഗ്യം വിഭാഗം ഫലവൃക്ഷ തൈകള്‍ സമ്മാനിച്ചു. തുടര്‍ന്ന് മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യയോഗം ചേര്‍ന്നു. ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടു്പ്പ് 26 ന് നടക്കുന്നത് സംബന്ധിച്ച് വരണാധികാരി വിശദീകരിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍മാരായ എം. കൃഷ്ണദാസ്, വി.എസ്. രേവതി, പി.എസ്. ജയന്‍ തുടങ്ങിയവര്‍ കൗണ്‍സിലര്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. കാല്‍നൂറ്റാണ്ടായുള്ള ഭരണം തുടരനായതിന്റെ ആഹ്ലാദത്തിലാണ് ഇടത്പക്ഷം. 46 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് 26 അംഗങ്ങളും, യുഡിഎഫിന് 17 അംഗങ്ങളും, ബിജെപിയ്ക്ക് 02 അംഗങ്ങളുമാണുള്ളത്. ഒരു സ്വതന്ത്രയും വിജയിച്ചു.

ADVERTISEMENT