മണ്ഡലകാല സമാപനദിവസമായ നാളെ ഗുരുവായൂരപ്പന് കളഭാട്ടം നടക്കും

മണ്ഡലകാല സമാപനദിവസമായ നാളെ ഗുരുവായൂരപ്പന് കളഭാട്ടം നടക്കും. ഗുരുവായൂരപ്പന് ദിവസവും കളഭം ചാര്‍ത്താറുണ്ടെങ്കിലും കളഭാട്ടം നടക്കുന്നത് വര്‍ഷത്തില്‍ മണ്ഡലകാല സമാപനദിവസമാണ്. മണ്ഡലകാലത്ത് നാല്‍പത് ദിവസം പഞ്ചഗവ്യാഭിഷേകവും 41-ാം ദിവസം കളഭാഭിഷേകവുമാണ്. ഉച്ചപൂജയ്ക്കുമുമ്പ് തന്ത്രി ഗുരുവായൂരപ്പന് വിശേഷാല്‍ കളഭം അഭിഷേകംചെയ്യും. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് വിശേഷാല്‍ കളഭാ ഭിഷേകം. ചന്ദനം, കശ്മീര്‍ കുങ്കുമം, പനിനീര്‍ തുടങ്ങിയവ പ്രത്യേക അളവില്‍ചേര്‍ത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് തയ്യാറാക്കുന്നത് കീഴ്ശാന്തിമാരാണ്. പന്തീരടി പൂജ കഴിഞ്ഞ് കളഭ പൂജ ചെയ്ത ശേഷമാകും കളഭക്കൂട്ട് ഗുരുവായൂരപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക. കളഭത്തില്‍ ആറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ ഞായറാഴ്ച നിര്‍മാല്യം വരെ ഭക്തര്‍ക്ക് ദര്‍ശിക്കാനാകും. കളഭാട്ട ദിവസം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വഴിപാടായി വിളക്കാഘോഷം നടക്കും. രാവിലെ 10ന് പഞ്ചമദ്ദളകേളി, ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, രാത്രി ചുറ്റുവിളക്ക്, ഇടയ്ക്ക നാഗസ്വര മേളം, പഞ്ചാരിമേളം എന്നിവയുണ്ടാകും.

ADVERTISEMENT