മൊബൈല്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനിടയില്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നതായി പരാതി. ഗുരുവായൂര്‍ ദേവസ്വം താത്കാലിക ജീവനക്കാരന്‍ കോട്ടപ്പടി ഊട്ടു മഠത്തില്‍ മണികണ്ഠന്‍ (60) എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 7 മണിയോടെ ഇയാള്‍ ഉപയോഗിക്കുന്ന മോട്ടറോള ഫോണില്‍ ‘ഇന്‍സ്റ്റാളിങ് സിസ്റ്റം അപ്‌ഡേറ്റ്’ എന്ന് കാണിക്കുകയും, രാത്രി മുഴുവന്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ഈ സമയത്ത് ഫോണ്‍ വിളിക്കാനോ മെസ്സേജ് അയക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ഫോണ്‍ സാധാരണ നിലയിലായത്. ഫോണ്‍ പ്രവര്‍ത്തനക്ഷമമായതിന് ശേഷം നടത്തിയ പരിശോധനയിലാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. 5450 രൂപയില്‍ നിന്നാണ് 5000 നഷ്ടപ്പെട്ടതെന്ന് മണികണ്ഠന്‍ പറഞ്ഞു. (ബൈറ്റ്) ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയിലാണ് ഇയാളുടെ അക്കൗണ്ടുള്ളത്. അക്കൗണ്ടില്‍ നിന്ന് ഗൂഗിള്‍ പേ വഴി 5,000 രൂപയുടെ ഗൂഗിള്‍ പ്ലേ റീചാര്‍ജ് കോഡ് വാങ്ങി തുക തട്ടിയെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ ബാങ്കില്‍ പരാതി നല്‍കിയെങ്കിലും, ഗൂഗിള്‍ പേ വഴിയാണ് പണം നഷ്ടപ്പെട്ടതെന്ന കാരണത്താല്‍ ബാങ്ക് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സൈബര്‍ സുരക്ഷാ വീഴ്ചകളെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.



