സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. മഴ കനത്തതും വൈദ്യുതി ഉപഭോഗം കുറഞ്ഞതും പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായിരിക്കുകയാണ്. ശാശ്വത പരിഹാരം കണ്ടെത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കവും ഊര്‍ജിതമാണ്. അതേസമയം ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍.ഈ മാസം ഇതുവരെ ഏറ്റവും കുറവ് ഉപഭോഗം രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെയെന്ന് കെഎസ്ഇബി പറയുന്നു. ഇന്നലെ പരമാവധി കൂടിയ ഉപഭോഗം 4560 മെഗാവാട്ടാണ്. 20 ദിവസത്തിനിടെ നിയന്ത്രണം ഒഴിവായ നാലാം നാളായിരുന്നു ഇന്നലെ. കേരളത്തിന് പുറത്ത് ഉള്‍പ്പെടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ആയിട്ടില്ല. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതില്‍ വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്.



