സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കണ്ണൂരും വയനാടും അടക്കം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കോട്ടയം കുറിച്ചിയില്‍ വീട് ഇടിഞ്ഞുവീണു. കുറിച്ചി പുത്തന്‍ കോളനി കുഞ്ഞന്‍ കവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിൻ്റെ ഭിത്തിയും മതിലും അടക്കം ഇടിഞ്ഞുവീണു. ആറുപേരാണ് വീട്ടില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കോട്ടയം ജില്ലയില്‍ രണ്ടുദിവസത്തിനുളളില്‍ 172 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി. മെയ് 24 മുതല്‍ പെയ്ത കാറ്റിലും മഴയിലും 534 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
എറണാകുളം ജില്ലയില്‍ രണ്ടുദിവസത്തിനിടെ 19 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി. ഒരുവീട് പൂര്‍ണമായും തകര്‍ന്നു. പറവൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ജില്ലയില്‍ മഴയ്ക്ക് ഭാഗിക ശമനം. ഇടുക്കിയിലും തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് ശമനമുണ്ട്. ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. ഖനനം, തോട്ടം മേഖലയിലെ ജോലികള്‍ എന്നിവയ്ക്ക് നിരോധനം തുടരുന്നു. പൊന്‍മുടി, കല്ലാര്‍ക്കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ തുറന്ന് വെളളം ഒഴുക്കുന്നത് തുടരുകയാണ്.