പുറവക്കോട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

ആളൂര്‍ പുറവക്കോട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.വെള്ളിയാഴ്ച്ച രാവിലെ നടതുറക്കലിനെ തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ നടന്നു.7 മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും, മേല്‍ശാന്തി എടക്കളത്തൂര്‍ പൈനോട്ടു മന ഹരി നാരായണാന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നവകം, പഞ്ചഗവ്യം തുടങ്ങിയ ചടങ്ങുകളുമുണ്ടായി. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങള്‍ക്കായി രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ അന്നദാനം നടന്നു. വിവിധ ആഘോഷകമ്മിറ്റികളുടെ നേതൃത്വത്തില്‍ തമ്പോലം, കാവടി എന്നിവയുടെ എഴുന്നെള്ളിപ്പ് ആരംഭിച്ച് നാട്ടിടവഴികള്‍ ചുറ്റി ക്ഷേത്രത്തിലെത്തി സമാപിച്ചു.പ്രതിഷ്ഠാദിന ചടങ്ങുകളിലും അന്നദാനത്തിലും നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ശശി കോട്ടയില്‍, ഷാജു പുല്ലാനിപ്പറമ്പത്ത്, ദിനേഷ് മുള്ളനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT