ചാവക്കാട് ഗവ.താലൂക്ക് ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ രോഗികള്‍ വലയുന്നു

ചാവക്കാട് ഗവ.താലൂക്ക് ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ രോഗികള്‍ വലയുന്നു.മത്സ്യതൊഴിലാളികളുടെയും സാധാരണക്കാരുടെയും ആശ്രയകേന്ദ്രമായ ചാവക്കാട് താലൂക്കാശുപത്രിയില്‍ അടിയന്തരമായി വൈകീട്ട് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.തീരദേശത്തെ ജനങ്ങളുടെ ഏക ആശ്രയമാണ് താലൂക്ക് ആശുപത്രി.വിവിധതരം പകര്‍ച്ചവ്യാധികളും മഴക്കാല രോഗങ്ങളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളെ ശുശ്രൂഷിക്കാന്‍ ഡോക്ടര്‍മാര്‍ ഇല്ല.ഡോക്ടറെ കാണാന്‍ ടോക്കണ്‍ എടുത്താല്‍ മണിക്കൂറോളം ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണ്.കൂടാതെ ഡോക്ടറെ കണ്ടു മരുന്നിനും ക്യൂ നിക്കേണ്ട അവസ്ഥയിലാണ് അതിനാല്‍ രോഗികള്‍ ക്യൂവില്‍ തളര്‍ന്നു വീഴുന്നതും പതിവാണ് .രാത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് രോഗികള്‍ക്ക് ആശ്വാസമായ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് മുസ്ലീം ലീഗ് ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പിഎം അനസ് ആവശ്യപ്പെട്ടു.തുടര്‍ നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട് താലൂക്ക് ഹോസ്പിറ്റലില്‍ സൂപ്രണ്ടിന് മുസ്ലിം ലീഗ് ഭാരവാഹികള്‍ നിവേദനം നല്‍കി.
മുസ്ലിം ലീഗ് ചാവക്കാട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി പിഎം അനസ്, നേതാക്കളായ എന്‍ കെ റഹീം,ആരിഫ് പാലയൂര്‍, സബാഹ് താഴത്ത്,പേള ബഷീര്‍,എന്‍ കെ അബ്ദുല്‍ കാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നിയമന അംഗീകാരത്തിനായി ഫയല്‍ ജില്ലാ കലക്ടറുടെ മുന്‍പിലാണ്. വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസും ആരോഗ്യവകുപ്പും സംസ്ഥാന സര്‍ക്കാരും ഇടപെടാതെ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.