കടവല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 2024 – 25 സാമ്പത്തിക വര്‍ഷത്തിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനും, നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍, പുതുതായി ആരംഭിക്കുന്ന കുടുംബശ്രീ സംരംഭങ്ങള്‍, ജെ എല്‍.ജി, ലഹരിക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ് യോഗം ചേര്‍ന്നത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജയകുമാര്‍ പൂളക്കല്‍ , പ്രഭാത് മുല്ലപ്പള്ളി, കുടുംബശ്രീ സിഡിഎസ് മെമ്പര്‍ സെക്രട്ടറി ഷാനിബ, അക്കൗണ്ടന്റ് മഞ്ജുള മനോജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും, നിത്യോപയോഗ സാധനങ്ങളില്‍ സ്വയം പര്യാപ്ത്തത നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു.