കാട്ടകാമ്പാല്‍ ക്ഷേത്രം ; വാര്‍ഷികയോഗത്തിലെ കണക്കില്‍ അപാകതയും, ക്രമക്കേടും, അഴിമതിയുമെന്ന് മുന്‍ ഭാരവാഹികള്‍

കാട്ടകാമ്പാല്‍ ക്ഷേത്ര സംരക്ഷണസമിതിയുടെ വാര്‍ഷികയോഗവും, തിരഞ്ഞെടുപ്പും ചട്ടങ്ങള്‍ ലംഘിച്ചാണ് നടത്തിയതെന്നും, കണക്ക് അവതരണത്തില്‍ ഗുരുതരമായ അപകാതയും ക്രമക്കേടും, അഴിമതിയുമുണ്ടെന്ന ആരോപണങ്ങളുമായി മുന്‍ ഭാരവാഹികള്‍ രംഗത്തെത്തി. കുന്നംകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ആരോപണം ഉന്നയിച്ചത്. ഒക്ടോബര്‍ 05, ഞായറാഴ്ച ക്ഷേത്രം ഊട്ട്പുരയില്‍ ചേര്‍ന്ന ക്ഷേത്ര സംരക്ഷണസമിതിയുടെ വാര്‍ഷികയോഗത്തിലെ കണക്ക് ഓഡിറ്റ് റിപ്പോര്‍ട്ട് ഇല്ലാതെയാണ് അവതരിപ്പിച്ചത്. പലകാര്യങ്ങളിലും വിയോജിപ്പ് രേഖപ്പെടുത്തി യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ഇറങ്ങിപോയ ശേഷമാണ് കണക്ക് അംഗീകരിക്കുകയും, പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തത് എന്ന് ഇവര്‍ കുറ്റപ്പെടുത്തി.

ഇത് നടപടിക്രമങ്ങളുടെയും, ദേവസ്വം ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും, ഒരുപാട് അഴിമതികള്‍ നടന്നതായും ഇവര്‍ ആരോപിച്ചു. മുന്‍വര്‍ഷത്തില്‍ ശമ്പളയിനത്തില്‍ നല്‍കിയത് 8,77,027 രൂപയായിരുന്നത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 19,36,006 രൂപയായി ഉയര്‍ന്നു. എന്നാല്‍ ആര്‍ക്കും വര്‍ധിപ്പിച്ച ശമ്പളം ലഭിച്ചതായി അറിവില്ലെന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ 2 വര്‍ഷം മുമ്പ് സ്ഥാനമൊഴിയുമ്പോള്‍ കനറ ബാങ്കില്‍ ഉണ്ടായിരുന്ന ലോക്കറിലേക്ക് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും, മറ്റും സൂക്ഷിക്കാതെ ബന്ധപ്പെട്ടവര്‍ സ്വയമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും, പുതിയ ഭരണസമിതി തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ക്രമക്കേടിനെതിരെ ഭക്തജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും, ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടി നിയമപോരാട്ടം നടത്തുമെന്നും മുന്‍ ഭാരവാഹികളായ പ്രസിഡന്റ് കെ.റെജീഷ്, സെക്രട്ടറി ഭാസ്‌ക്കരന്‍ വടക്കൂട്ട് വൈസ് പ്രസിഡന്റ് പി.പി.അനൂപ് എന്നിവര്‍ വ്യക്തമാക്കി.

ADVERTISEMENT