24.8 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk ടിഎൻ പ്രതാപന് തലവേദനയായത് അപരനോ? തോറ്റത് 126 വോട്ടിന്, അപരൻ പിടിച്ചത് 184 വോട്ടുകൾ

ടിഎൻ പ്രതാപന് തലവേദനയായത് അപരനോ? തോറ്റത് 126 വോട്ടിന്, അപരൻ പിടിച്ചത് 184 വോട്ടുകൾ

മണലൂരിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കോൺ​ഗ്രസ് നേതാവ്. 126 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ സിപിഎമ്മിൻ്റെ സ്ഥാനാർഥി പ്രൊഫ. സി രവീന്ദ്രനാഥ് വിജയിച്ചത്. ഏറെ വൈകി രാത്രി ഏഴരയോടെയായിരുന്നു മണലൂർ മണ്ഡലത്തിലെ പ്രഖ്യാപനം വന്നത്. ആദ്യ റൗണ്ടിൽ ടിഎൻ പ്രതാപന് 3689 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. രവീന്ദ്രനാഥിന് 3498 വോട്ടുകളും ലഭിച്ചു. അതായത് 191 വോട്ടുകളുടെ മുൻതൂക്കം ടിഎൻ പ്രതാപന് ഉണ്ടായിരുന്നു. രണ്ടാം റൗണ്ടിൽ രവീന്ദ്രനാഥിന് 469 ഭൂരിപക്ഷം ലഭിച്ചു. ഏഴാം റൗണ്ട് വരെ രവീന്ദ്രനാഥ് തന്നെയായിരുന്നു മുന്നിൽ.

എട്ടാം റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോഴേക്കും 1,364 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ടിഎൻ പ്രതാപൻ കത്തിക്കയറുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ മണലൂർ,അരിമ്പൂർ പഞ്ചായത്തുകളിലെ വോട്ടെണ്ണി തുടങ്ങിയതോടെ ടിഎൻ പ്രതാപന് തിരിച്ചടിയായിരുന്നു. അരിമ്പൂർ പഞ്ചായത്തിലെ ബൂത്തുകൾ എണ്ണിയതോടെ രവീന്ദ്രനാഥിന് ഭൂരിപക്ഷം നല്ലരീതിയിൽ കുറഞ്ഞു. ഭൂരിപക്ഷം പ്രഖ്യാപിക്കുന്നതിൽ അവ്യക്തതയുണ്ടായിരുന്നു. ഒടുവിൽ 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രവീന്ദ്രനാഥ് മുന്നിലെത്തി. ഇതോടെ ടിഎൻ പ്രതാപൻ കൗണ്ടിങ് സ്റ്റേഷനിലെത്തി അഞ്ച് വിവി പാറ്റ് മെഷീനുകൾ വീണ്ടും എണ്ണാൻ ആവശ്യപ്പെടുകയായിരുന്നു.

ഇരുന്നൂറോളം തപാൽ വോട്ടുകൾ രണ്ടാമതും എണ്ണണമെന്നും പ്രതാപൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പരിശോധനയിലൊന്നും പ്രതാപന് അനുകൂലമായ ഒന്നും തന്നെ ഉണ്ടായില്ല. യഥാർഥത്തിൽ ടിഎൻ പ്രതാപനെ വട്ടംകറക്കിയത് അപരനാണെന്നാണ് വോട്ട് നില പരിശോധിക്കുമ്പോൾ മനസിലാക്കാൻ സാധിക്കുക. വോട്ടെണ്ണിക്കഴിയുമ്പോൾ പ്രൊഫ. സി രവീന്ദ്രനാഥിന് 65337 വോട്ടുകളാണ് ലഭിച്ചത്. ടിഎൻ പ്രതാപന് ലഭിച്ചത് 65211 വോട്ടുകളും. വെറും 126 വോട്ടുകളുടെ ഭരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാമനാർഥി വിജയിച്ചത്. എന്നാൽ എന്നാൽ ടിഎൻ പ്രതാപൻ്റെ അപരൻ പ്രതാപൻ 184 വോട്ടുകൾ നേടിയതാണ് നിർണായകമായത്. അപരന് വോട്ടുപോയില്ലെങ്കിൽ ടിഎൻ പ്രതാപൻ വിജയിച്ചേനേ. പ്രോഫ. സി രവീന്ദ്രനാഥിൻ്റെ അപരൻ രവീന്ദ്രനാഥ് കെ യും 234 വോട്ടുകൾ നേടിയിട്ടുണ്ട്.

അതേസമയം ചിറ്റൂർ മണ്ഡലത്തിലും അഡ്വ. വി മുരുകദാസിൻ്റെ അപരകൻ പിടിച്ച വോട്ടും ഏറെ നിർണായകമായിരുന്നു. കോൺ​ഗ്രസ് സ്ഥാനാർഥി അഡ്വ. സുമേഷ് അച്യുതൻ 6510 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ചിറ്റൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. എന്നാൽ വി രുകദാസിൻ്റെ അപരൻ മുരുകദാസ് പിഎസ് പിടിച്ചത് 6984 വോട്ടുകളായിരുന്നു. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സ്ഥാനാർഥി അഡ്വ. വി മുരുകദാസ് വിജയിക്കാൻ ഏറെ സാധ്യതയുണ്ടായിരുന്ന മണ്ഡലമായിരുന്നു ചിറ്റൂർ. പാലക്കാട് ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ അതിശക്തമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാറുള്ള മണ്ഡലങ്ങളിലൊന്നാണ് ചിറ്റൂർ.

ADVERTISEMENT
error: Content is protected !!