കോട്ടയം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടവും അപകടാവസ്ഥയിലെന്ന് പരാതി. 60 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍. ഈ കെട്ടിടമാണ് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഹോസ്റ്റലിലെ പല മുറികളും ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പഴയ കെട്ടിടത്തില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ കഴിയുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്ന സംഭവത്തോടെ വിദ്യാര്‍ത്ഥികളുടെ ഭീതിയേറിയിരിക്കുകയാണ്. കെട്ടിടത്തിന്റെ സിമന്റ് പാളികള്‍ മുറികള്‍ക്കുള്ളില്‍ അടര്‍ന്നുവീഴുകയാണ്.
പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് സിമന്റ് പാളികള്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്ത് വീഴാതെ രക്ഷപ്പെടുന്നത്. സ്വിച്ച് ബോര്‍ഡുകളില്‍ നിന്നും വൈദ്യുതി ആഘാതം ഉണ്ടാകുന്നുണ്ടെന്നും ടോയ്‌ലറ്റുകള്‍ പലതും പൊളിഞ്ഞുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തിയേക്കും. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ് സമര്‍പ്പിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിക്കും. സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധങ്ങള്‍ തുടരും.